ബുധനാഴ്‌ച, സെപ്റ്റംബർ 04, 2013

നമ്മള്‍ തമ്മില്‍ തമ്മില്‍



നീയെന്നോട് മിണ്ടരുത്..
ഞാന്‍ നിന്നോടും...

മിണ്ടാതിരിക്കുന്ന
കാലങ്ങളിലാണല്ലോ
നമ്മള്‍ തമ്മില്‍ തമ്മില്‍
കൂടുതല്‍ മിണ്ടുന്നത്.......

അനുശാസിത
അവരോഹങ്ങളില്‍
ഉറഞ്ഞ വര്‍ഷത്തെ
വേനലില്‍ ഉരുക്കി
ശിശിരസന്ധ്യകള്‍
ചേര്‍ത്തു കുഴച്ച്
വസന്തമേയെന്ന്
ഞാന്‍ അടയിരിക്കും

അതിരില്ലാത്ത
മഞ്ഞപ്പാടങ്ങളെന്ന്
അളവില്ലാത്ത വാനമെന്ന്‍
അതില്‍ പറക്കുന്ന പക്ഷികളെന്ന്
അനന്തകോടി നക്ഷത്രങ്ങളെന്ന്
അവ നിറഞ്ഞ ആകാശമെന്ന്
എങ്ങും കടന്നു ചെല്ലാവുന്ന
നിലാപ്പുഴയെന്ന് ഞാനെന്‍റെ
മനസ്സിനെ വിരിയിച്ചെടുക്കും

നീയൊരിക്കല്‍
പെയ്തൊഴിഞ്ഞ നിറങ്ങളില്‍
കുതിര്‍ന്നൊലിച്ച്
ഓരോ പൂവില്‍ നിന്നും
പലനിറങ്ങളില്‍
ഞാന്‍ പുനര്‍ജ്ജനിക്കും.

ഇപ്പോള്‍ ഞാനൊരു സ്വര്‍ഗ്ഗം
നീ അതിലേക്കുള്ള വാതില്‍...

പറയാന്‍ ബാക്കിവെച്ചത്
കടും വര്‍ണ്ണപൂവിതളുകള്‍
വിരലുകളായി നീണ്ട്
വരച്ചുകാട്ടുമ്പോള്‍
ദൈവം ഇവിടെയുണ്ടെന്ന്‍
മഞ്ഞ വെയിലിലേക്ക്
ചാഞ്ഞിറങ്ങിയ ഉടലില്‍
ഹൃദയം വലിഞ്ഞുമുറുകും....

















4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

അതിരില്ലാത്ത മഞ്ഞപ്പാടങ്ങള്‍!!
നല്ല കവിത

SUNIL . PS പറഞ്ഞു...

നല്ല കവിത.....

സൗഗന്ധികം പറഞ്ഞു...

ദൈവം ഇവിടെയുണ്ടെന്ന്‍.

വളരെ നല്ല കവിത

ശുഭാശംസകൾ...

ശ്രീ പറഞ്ഞു...

"മിണ്ടാതിരിക്കുന്ന
കാലങ്ങളിലാണല്ലോ
നമ്മള്‍ തമ്മില്‍ തമ്മില്‍
കൂടുതല്‍ മിണ്ടുന്നത്..."

കൊള്ളാം.

ഓണാശംസകള്‍!