വെള്ളിയാഴ്‌ച, ഫെബ്രുവരി 08, 2013

രാത്രികീഴടക്കല്‍...

രാത്രികീഴടക്കല്‍...

"ഇതിന്നുള്ള മോട്ടിവേഷന്‍ എന്താണ്...."

നവഭാരത്തിന്‍റെ റിപ്പോര്‍ടമാര്‍ മുന്നില്‍നിന്ന് ചോദിക്കുമ്പോള്‍ പെട്ടന്നു വായില്‍ വന്നത് "സ്ത്രീകള്ക്ക് രാ
ത്രികളില്‍ ഭയമില്ലാതെ യാത്രചെയ്യാന്‍ സാധിക്കണം” എന്നായിരുന്നു. അപ്പോഴാണവര്‍ ചോദിച്ചതു... ”എന്തെങ്കിലും ഒരു ദുരനുഭവം?”

വൈകുന്നേരം ആറരയ്ക്ക് ഗുഡ്ഗാവിലെ വീട്ടില്‍നിന്നിറങ്ങി മെട്രോ പിടിച്ച് പട്ടേല്‍ ചൌക്കിലിറങ്ങി ഓട്ടോപിടിച്ച് സൂഫി ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുന്ന കമാനിയിലെത്തി പ്രോഗ്രാം കഴിഞ്ഞപ്പോള്‍ അവിടിരുന്ന് ഒറ്റയ്ക്ക് ഒരു കാപ്പിയുംകുടിച്ച് താഴെയിറങ്ങി കോപ്പര്‍നിക്കസിലൂടെ തനിയെ ഇരുട്ടില്‍ കുറച്ചുദൂരം നടന്ന്‍ ഓട്ടോപിടിച്ച് രാത്രികീഴടക്കലെന്ന ഓമനപ്പേരില്‍ അവസാനബസ് പിടിക്കാനായി ശിവാജിസ്റ്റേഡിയത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ തിരക്കിലെ മറ്റൊരു കണികയായി നില്ക്കു മ്പോള്‍ കീഴടക്കാനെനിക്കു രാത്രിയെവിടെ?

തണുപ്പിലെക്കിറങ്ങാന്‍ മടിപിടിച്ച എന്നെ ഇതില്‍ എന്തായാലും പങ്കെടുക്കണമെന്ന് പറഞ്ഞ് മെട്രോസ്റ്റേഷനില്‍ കൊണ്ടുവിടാനും രാത്രി പതിനൊന്നരക്ക് തിരിച്ചു വിളിക്കാനും പങ്കെടുത്തത് നന്നായെന്ന് സന്തോഷം പറയാനും സ്വന്തമെന്നു വിചാരിക്കുന്നവര്‍ കൂടെയുണ്ടാവുമ്പോള്‍ എനിക്കു ലംഘിക്കാന്‍ നിരോധനങ്ങളെവിടെ....

പത്തിരുപതുകൊല്ലത്തെ ഡല്‍ഹിജീവിതം മുഴുവന്‍ ഞാന്‍ ചികയുന്നു അനാവശ്യമായ ഒരു നോട്ടത്തിനായി അറപ്പുളവാക്കുന്ന ഒരു വാക്കിനായി ! വല്ലപ്പോഴും വരുന്ന സഭ്യേതരമായ ചില കമന്റുകള്‍ നാട്ടില്‍നിന്നും ഇവിടെയെത്തിജോലിനോക്കുന്ന അപൂര്‍വ്വം ചില മലയാളികളില്‍ നിന്നുമാവുമെന്നതു പൊതുവേ പറയപ്പെടുന്ന വിശ്വാസമാണ്. അതുസത്യമാണെന്നെനിക്കും തോന്നിയിട്ടുണ്ട്.

ഞാനും മറ്റു സ്ത്രീസുഹൃത്തുക്കളും മുഖത്തോടുമുഖം നോക്കുന്നു. തമ്മില്‍ തമ്മില്‍ പറയുന്നു “നമ്മളിത് ചെയ്യേണ്ടിയിരുന്നത് കേരളത്തിലാണ്.”

“ഇത്രയും വിദ്യാസമ്പന്നമായ എല്ലാത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലോ!” റിപ്പോര്‍ട്ടര്‍ക്ക് അത്ഭുതം.

അങ്ങിനെനോക്കുമ്പോള്‍ ആറുമണിക്കുശേഷം സ്ത്രീകള്ക്ക് പുറത്തിറങ്ങിനടക്കാന്‍ അലിഖിത നിരോധനാജ്ഞയുള്ള, നാട്ടില്‍ പൂങ്കുന്നത്തുനിന്നും സന്ധ്യക്ക് വടക്കേസ്റ്റാന്‍റിലൂടെ നടന്ന് വടക്കേച്ചിറയില്‍ കുറച്ചുനേരം കാറ്റുകൊണ്ട് അക്കാദമിയിലെ പുസ്തകപ്രദര്‍ശനത്തില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങി ഇന്ത്യാഗേറ്റില്‍നിന്നും മസാലദോശകഴിച്ച് ഞങ്ങള്‍ രണ്ടുപെണ്ണുങ്ങള്‍ നടന്നുതന്നെ അഹിതമായ ഒരു നോട്ടംപോലുമേല്‍ക്കാതെ ഒന്‍പതുമണിക്ക് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വലിയ ത്രില്ലൊന്നും തോന്നാഞ്ഞതെന്തെ?

പക്ഷേ ഇന്നും പകലാണെങ്കില്‍പോലും എന്റെ വീട്ടില്‍നിന്നും മറ്റൊരു ബന്ധുവീട്ടിലേക്കുള്ളയാത്ര എത്തിയ ഉടനെ സുഖമായെത്തി എന്നു വിളിച്ചുപറഞ്ഞവസാനിപ്പിച്ചില്ലെങ്കില്‍ വഴക്കു കിട്ടുമെന്നത് ഉറപ്പാണ്. രാത്രിയില്‍ ഒറ്റക്കുള്ള യാത്ര ചിന്തിക്കുന്നതുപോലും പാപം. കാരണം വഴിയിലെന്തൊക്കെയോ ചീത്ത സംഭവിക്കാനായി തക്കം പാര്‍ത്തിരിക്കുന്നുണ്ട് എന്നത് കേരളത്തില്‍ എല്ലാവരും എപ്പോഴും മനസ്സില്‍ കൂടെ കൊണ്ടുനടക്കുന്ന ഭയമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ യാത്രചെയ്യുമമ്പോള്‍ ഡല്‍ഹിയിലുള്ളതിനെക്കാള്‍ എത്രയോ കൂടുതല്‍ കരുതല്‍ വേണമെന്ന് തോന്നാറുണ്ട്. പുറം നാടുകളില്‍ വളര്‍ന്ന് ഞങ്ങളുടെ പെണ്‍കുട്ടികള്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഇഷ്ടപ്പെടാത്തതും അതുകൊണ്ടാവണം.

മെരുക്കിയെടുത്തു വിശ്വസ്തനാക്കിയ ഒരു മൃഗം അവിചാരിതമായ ചില അവസ്ഥാവിശേഷങ്ങളില്‍ അറിയാതുണരുന്ന മൃഗതൃഷ്ണകളാല്‍ സടകുടഞ്ഞെഴുന്നേറ്റു ഇരയെക്കാത്ത് എവിടെയൊക്കെയോ തക്കംപാര്‍ത്തിരിക്കുന്നു. വേട്ടക്കാരന്‍ സ്ത്രീയോ പുരുഷനോ ആവാം ....ഇരയും. മൃഗത്തെ നമ്മള്‍ തച്ചുകൊല്ലുമ്പോള്‍ മൃഗതുല്യനാവുന്ന മനുഷ്യന്‍ പലവിധേനയും കുറുക്കുവഴികളിലൂടെ രക്ഷപ്പെടുന്നു എന്നതാണ് പ്രശ്നത്തെ അപരിഹാര്യമാക്കുന്നത്.

ബസ്സില്‍ തൊട്ടടുത്തിരുന്ന പരിചയമില്ലാത്ത പുരുഷനോട് അവസാന സ്റ്റോപ്പായ ഹോസ്ഖാസില്‍ മെട്രോസ്റ്റേഷന്‍ എത്രയടുത്താണെന്ന് ചോദിക്കാനോ ഗുഡുഗാവിലെത്തണമെന്ന ഭയം പങ്കുവെക്കാനോ ഒരു ആശങ്കയുമുണ്ടായിരുന്നില്ല. പത്തരക്ക് ഹോസ്ഖാസിലിറങ്ങി മെട്രോസ്റ്റേഷനിലേക്ക് നടക്കുമ്പോഴും അസ്വാഭാവികമായൊന്നും തോന്നുന്നുമുണ്ടായിരുന്നില്ല. സ്വയം ഒരു നഗരവും ചീത്തയാവുന്നില്ല...... ചീത്തയാവുന്നത് നിയമം നടപ്പിലാക്കേണ്ടവര്‍ അത് ചെയ്യാതെ വരുമ്പോഴാണ്.

പക്ഷേ ഇന്നലെ ജനസംസ്കൃതിയും ജനനാട്യമഞ്ചുമൊക്കെചേര്‍ന്നു വളരെ സദുദ്ദേശത്തോടെ ഒരുക്കിയ ഈ സംരഭത്തില്‍ സ്ത്രീകളുടെതായ ഒരു മുന്നിട്ടിറങ്ങല്‍ വളരെ കുറവായിരുന്നു എന്ന്‍ എനിക്കു തോന്നുന്നു. കവിതചൊല്ലാനും പാട്ടുപാടാനും പുരുഷന്മാര്‍ കാട്ടിയ ഉത്സാഹത്തിന് ഒപ്പം നില്‍ക്കാനെങ്കിലും സ്ത്രീകള്ക്ക് കഴിയുന്നുണ്ടായിരുന്നോ...?

17 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

സ്വയം ഒരു നഗരവും ചീത്തയാവുന്നില്ല...... ചീത്തയാവുന്നത് നിയമം നടപ്പിലാക്കേണ്ടവര്‍ അത് ചെയ്യാതെ വരുമ്പോഴാണ്.

Echmukutty പറഞ്ഞു...

പ്രയാണ്‍ പറഞ്ഞത് എഴുതിയത് വിചാരിക്കുന്നത് എല്ലാം ശരിയാണ് ..... ഈ കുറിപ്പിനു അഭിനന്ദനങ്ങള്‍

jayanEvoor പറഞ്ഞു...

ആണെന്നും പെണ്ണെന്നുമുള്ള വേർതിരിവില്ലാതെ ജീവിക്കാനും സഞ്ചരിക്കാനും എല്ലാവർക്കും കഴിയുന്ന കാലം വരുമെന്ന് പ്രത്യാശിക്കാം...

AMBUJAKSHAN NAIR പറഞ്ഞു...

1987- ലെ ഒരു രാത്രി. ഞാന്‍ ചെന്നൈയില്‍ നിന്നും ബസ്സില്‍ യാത്ര തിരിച്ചു തിരുവല്ലയില്‍ രാത്രി പതിനൊന്നു മണിക്കാണ് എത്തിച്ചേര്‍ന്നത്. മാവേലിക്കരയ്ക്ക് പോകുവാന്‍ രാവിലെ ആറുമണിക്ക് മാത്രമേ ബസ്സുള്ളൂ. ടാക്സി പിടിച്ചു പോകേണ്ടതില്ല എന്ന് തീര്‍ച്ചയാക്കി. ആരാത്രിയില്‍ തിരുവല്ല KSRTC ബസ്സ്‌ സ്റ്റാന്‍ഡില്‍ നടന്ന ഒരു കാമനാടകം എന്നെ വളരെ ലജ്ജിപ്പിച്ചു. ബസ്സ്‌ സ്റ്റാന്‍ഡില്‍ സുമാര്‍ നാല്‍പ്പത്തി അഞ്ചു വയസ്സിലധികം പ്രായമുള്ള ഒരു കറുത്തു വിരൂപിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. മുണ്ടും ബ്ലൌസും വേഷം. ഒരു തോര്‍ത്തു ചുറ്റിയിട്ടുമുണ്ട്.
ഒരു സാമാന്യം യോഗ്യതയും ഒത്ത ശരീരഘടനയുമുള്ള ഒരു വ്യക്തി, അദ്ദേഹം ഒരു ഡ്രൈവര്‍ ആണ്. സ്വന്തം വണ്ടി ടാക്സി പെര്‍മിറ്റ്‌ എടുത്തു ഓട്ടുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഷര്‌ട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടന്‍സ് ഓപ്പണ്‍ ചെയ്തിട്ട് അദ്ദേഹം ധരിച്ചിരിക്കുന്ന സ്വര്‍ണ്ണമാല പബ്ലിക് കാണും വിധമാണ് ബസ്സ്‌ സ്റ്റാന്‍ഡില്‍ ചുറ്റിയത്. അദ്ദേഹത്തിനോടൊപ്പം നാല് ആട്ടോ ഡ്രൈവറന്മാരും. അവരുടെ ഒരേ ലക്‌ഷ്യം ആ സ്ത്രീയെ എങ്ങിനെയെങ്കിലും തട്ടിക്കൊണ്ടു വെളിയില്‍ പോകണം. ഇവര്‍ മാറി മാറി ആ സ്ത്രീയെ സമീപിക്കുകയും , കയ്യാട്ടി വിളിക്കുകയും ഒടുവില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകും എന്ന നിലയില്‍ എത്തിയപ്പോള്‍ KSRTC - യിലെ ഒരു ഉദ്യോഗസ്ഥന്‍ ആ സ്ത്രീയെ അദ്ദേഹത്തിന്‍റെ റൂമിന്റെ വാതുക്കല്‍ ഇരിക്കുവാന്‍ അനുവദിച്ചു. പുലര്‍ച്ച നാലര മണിക്ക് ശേഷമാണ് അവര്‍ ശ്രമം ഉപേക്ഷിച്ചു പിരിഞ്ഞത്. ആ സ്ത്രീ അവിടെ നിന്നും അഞ്ചേ മുക്കാല്‍ മണിക്കുള്ള ഒരു ബസ്സില്‍ യാത്രയായി.
പോലീസും നിയമവും എല്ലാം ഉള്ള നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയില്‍ ഒരു സ്ത്രീ ഇങ്ങിനെ ഒരു ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിപ്പെട്ടാല്‍ അവള്‍ നേരിടേണ്ടി വരുന്നത് എന്താണ് എന്ന് പറഞ്ഞു അറിയിക്കുവാന്‍ സാധ്യമല്ല.

ajith പറഞ്ഞു...

ലേഖനത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു.
ഡല്‍ഹിയിലെ അവസ്ഥ അറിയില്ലെങ്കില്‍ പോലും

ശ്രീനാഥന്‍ പറഞ്ഞു...

നന്നായി കുറിപ്പ്.

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

ജയന്‍ പറഞ്ഞ പോലെ ആണെന്നും പെണ്ണെന്നും വേര്‍തിരിവില്ലാതെ സ്വതന്ത്രമായി ഏതു നേരവും സഞ്ചരിക്കാന്‍ കഴിയുന്ന നാടിനെ സ്വപ്നം കാണുന്നു.

anupama പറഞ്ഞു...

പ്രിയപ്പെട്ട പ്രയാണ്‍ ,

സുപ്രഭാതം !

രാത്രി പത്തു മണിക്കും പേടി കൂടാതെ സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന നാട്ടിലാണ് എന്റെ താമസം.

നമ്മുടെ നാട്ടില്‍ പകല്‍ പോലും തനിയെ യാത്ര ചെയ്യാന്‍ പറ്റില്ല.സത്യം !

സമകാലീന സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ പോസ്റ്റ്‌ നന്നായി.

സസ്നേഹം,

അനു

Akbar പറഞ്ഞു...

എന്താ നമ്മുടെ നാടിനു പറ്റിയത് !

Unknown പറഞ്ഞു...

അങ്ങനെ തന്നെ ആവട്ടെ

Unknown പറഞ്ഞു...

നല്ല കുറിപ്പ്...

പ്രയാണ്‍ പറഞ്ഞു...

@ Echmukutty
@ jayanEvoor
@ AMBUJAKSHAN NAIR
@ ajith
@ ശ്രീനാഥന്‍
@ കുഞ്ഞൂസ്
@ Akbar
@ anupama
@ MyDreams
@ Ranjith Chemmad
കേരളത്തിന്ന് പുറത്തു ഒരുതവണയെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ആ വ്യത്യാസം മനസ്സിലാകും. AMBUJAKSHAN NAIR എഴുതിയത് വായിച്ചപ്പോള്‍ ശരിക്കും ഭയം തോന്നുന്നു. സ്ത്രീക്കും പുരുഷനും ഭയമില്ലാതെ യാത്രചെയ്യാനാവുക എന്ന സ്വപ്നം ഒരു വ്യാമോഹമാകുന്നതെന്തുകൊണ്ടാണ്.....

ശ്രീ പറഞ്ഞു...

ജയന്‍ മാഷ് പറഞ്ഞതു പോലൊരു കാലം വരുമെന്ന് പ്രത്യാശിയ്ക്കാം...

Arun Kumar Pillai പറഞ്ഞു...

nannayi..

ente lokam പറഞ്ഞു...

ഈ നഗരത്തില്‍ രാത്രി കീഴടക്കി പകലും കീഴടക്കി ഒട്ടും കീഴടക്കാന്‍ വയ്യാത്ത വികാരങ്ങള്‍ കെട്ടു അഴിച്ചു വിടാന്‍ പാകത്തില്‍
വസ്ത്ര ധാരണ രീതി കൊണ്ട് കൂസല്‍ ഇല്ലാതെ പെണ്ണുങ്ങള്‍ പോവുന്നു....ആരും പീടിപ്പിക്കുന്നില്ല...

കാരണം നിയമത്തെ പേടി ഉണ്ട്.....


പിന്നെയും നമ്മുടെ നാട്ടില്‍ ജനത്തിന് കുറ്റം പറയാന്‍

നല്ല ഒന്നാന്തരം ജീന്‍സ് ഇട്ടാലും പോര...അതും
പ്രലോഭനം തരും അത്രേ....കുറെ സദാചാര വാദികള്‍...

വാക്കുകള്‍ക്കു മൂര്‍ച്ച പോരെന്നു തോന്നുന്നു പ്രയാന്‍ ...

ഇതൊന്നും എത്ര പറഞ്ഞാലും പോര എന്നും....ആശംസകള്‍..

പ്രയാണ്‍ പറഞ്ഞു...

@ ശ്രീ - നിയമം നടപ്പിലാക്കേണ്ടവര്‍ പോലും ഇത്തരം വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ആശിക്കാം എന്നുതന്നെയേ പറയാന്‍ പറ്റു...

@ കണ്ണന്‍- താങ്ക്സ് കണ്ണന്‍

@ ente lokam കുറ്റം പറയുമ്പോഴും നമ്മുടെ നാട് എന്നൊരു സോഫ്ട്കോര്‍ണര്‍ ബാക്കിയിരിക്കുന്നു എന്നതാവണം മൂര്‍ച്ച കുറയാന്‍ കാരണം..:)

നളിനകുമാരി പറഞ്ഞു...

അപൂര്‍വ്വം ചില മലയാളികളില്‍ നിന്നുമാവുമെന്നതു പൊതുവേ പറയപ്പെടുന്ന വിശ്വാസമാണ്. അതുസത്യമാണെന്നെനിക്കും തോന്നിയിട്ടുണ്ട്.

ഈയിടെ കോളിളക്കം സൃഷ്ടിച്ച പേരറിയാത്ത ഡല്‍ഹി പെണ്‍കുട്ടിയുടെ അനുഭവമോ?
എല്ലായിടത്തും ഉണ്ട് കുട്ടീ മൃഗീയവാസനയുള്ള(മൃഗങ്ങളെ മാപ്പ്)ചില മനുഷ്യര്‍.