ബുധനാഴ്‌ച, മേയ് 05, 2010

മുത്തശ്ശി


തറവാട്ടു കുളത്തിനു ചുറ്റും
പൊന്തക്കാട്ടിലൊരു പൊന്തയായി
നടുനിവരാതൊരു മുത്തശ്ശി
മരുന്നു പറിച്ചുകൊണ്ടിരുന്നു.
മുത്തശ്ശി മുതുകൂനിയെന്നു കൂവി
പിന്നാലെയെത്തിയ ഞങ്ങളുടെ
കൗതുകത്തെ വടികാട്ടിയകറ്റി
കുട്ടികളുടെ കുന്നായ്മയെയും
മഴയുടെ പെയ്യായ്മയെയും
വാതോരാതെ ശകാരിച്ച്
കഞ്ഞുണ്ണിയും തഴുതാമയും തൂടങ്ങി
കണ്ടാലും കൊണ്ടാലുമറിയാത്ത
മണമായി നടന്നുമറഞ്ഞതിന്നുപോലെ..............

മച്ചിന്റെ വാതിലടച്ചിട്ടും
തറിച്ച മറരുന്നിന്റെ മണത്തില്‍
തറവാടു നിറഞ്ഞു.
വടക്കോറത്തെ അമ്മിയുടെ താളത്തില്‍
തറവാടു കൂര്‍ക്കംവലിച്ചു.
തിളച്ചു കുറുകിയ എണ്ണമണം
ഉറങ്ങുന്നവരുടെ മൂക്കില്‍
കയറിയിറങ്ങി ഒളിച്ചുകളിച്ചു.
രാവിലെ മച്ചിലെയിരുട്ടില്‍ മുത്തശ്ശി
ഒറ്റക്കിരുന്ന് തലമറന്നെണ്ണ തേച്ചു.

മുത്തശ്ശിയുടെ എണ്ണയില്ലാഞ്ഞും
തഴച്ചുവളര്‍ന്ന മുടിമുന്നിലേക്കിട്ട്
ഞങ്ങളതു കണ്ടില്ലെന്നു നടിച്ചു.
തെക്കിണിത്തറയില്‍
മരിച്ചുകിടക്കുമ്പോഴും
മുത്തശ്ശിയുടെ കറുത്തമുടി
ഓരിഴ നരച്ച ഞങ്ങളെ നോക്കി
കളിയാക്കി ചിരിച്ചു.

ഇന്നും തറവാട്ടിലെ നാലിറയത്തിരുന്ന്
ഞങ്ങള്‍ മുത്തശ്ശിയെ ഓര്‍ക്കാറുണ്ട്.
പാടെനരച്ച ഞങ്ങളുടെ മുടി കണ്ട്
കറുത്തമുടി ചിക്കിപ്പരത്തി മുത്തശ്ശി
വേളുത്ത മേഘങ്ങള്‍ക്കിടയിലിരുന്ന്
ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടാവും
വാതോരാതെ ശകാരിക്കുന്നുണ്ടാവും.

5 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

കാലം പോവുന്ന എത്ര പെട്ടെന്ന അല്ലെ..
പ്രിയപ്പെട്ട പലതിനെയും ഓര്‍മ്മ മാത്രം ആക്കി കൊണ്ട്

Bindhu Unny പറഞ്ഞു...

ആ എണ്ണയുടെ കൂട്ട് തന്നിട്ട് പോയിരുന്നെങ്കില്‍ മുടി കറുപ്പിക്കാനുള്ള എണ്ണ ഉണ്ടാക്കി വില്‍ക്കാരുന്നു. :)

പ്രയാണ്‍ പറഞ്ഞു...

കണ്ണനുണ്ണി, ബിന്ദു ഇതൊക്കെത്തന്നെയാണ് ഞങ്ങളും പറയാറ്........

ശ്രീ പറഞ്ഞു...

ആ മുത്തശ്ശിയുടെ മുടിയുടെ ഗുണം അപ്പോ നിങ്ങള്‍ക്ക് ആര്‍ക്കും കിട്ടിയില്ലേ?

നല്ല ഓര്‍മ്മകള്‍!

പ്രയാണ്‍ പറഞ്ഞു...

അതിനു മുത്തശ്ശി എണ്ണയുടെ കൂട്ട് പറഞ്ഞു തന്നില്ലല്ലൊ ശ്രീ........