ബുധനാഴ്‌ച, ഡിസംബർ 30, 2009

പുതുവര്‍ഷം...........


ദേശാടനപ്പക്ഷികള്‍ കൂട്ടം കൂട്ടമായി പറന്നിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. പുല്‍പ്പറമ്പുകളില്‍ ചാഞ്ഞുതുടങ്ങിയ കതിരുകള്‍ കൊത്തി ഊഞ്ഞാലാടി ചതുപ്പുകളിലെ വെള്ളക്കെട്ടില്‍ നീന്തിത്തുടിച്ച് കലപില കൂട്ടി പുതിയൊരു ലോകം. എന്നും ബാല്‍ക്കണിയില്‍ വന്ന് വെള്ളം വെക്കാന്‍ വൈകിയതിന്നു ഉറക്കെ ശകാരിച്ച് വിളിച്ചുണര്‍ത്തിയിരുന്ന മൈനകളും പൂക്കളില്‍ തേന്‍ കുടിക്കാനെത്തിയിരുന്ന അടക്കാക്കിളികളും പ്രണയിച്ച് കൊതിപ്പിച്ചിരുന്ന അരിപ്രാവുകളും ചൂടുതേടി മറ്റെവിടേക്കൊ പറന്നു പോയിരിക്കുന്നു. ചില്‍ക്കയില്‍ നാലു മണിക്കൂര്‍ കറങ്ങിയിട്ടും കാണാത്ത കിളികള്‍ കയ്യകലത്തില്‍. നേരം വെളുത്തിട്ടും പുതപ്പ് മാറ്റിയിറങ്ങാന്‍ മടിച്ച് സൂര്യന്‍. മറുപുറം കാണാത്ത പുകമഞ്ഞിലൂടെ വെറുതെയെന്നറിഞ്ഞിട്ടും ഞാനന്റെ കണ്ണുകളെ അപരിചിതശബ്ദത്തിന്നുടമയെ തിരയാന്‍ വിടുന്നു.
എത്രകാലമായി ഭൂമി ഇവര്‍ക്കുവേണ്ടി ഒരുങ്ങുന്നു............വെറുമൊരിടത്താവളം മാത്രമാണ് താനെന്നറിഞ്ഞിട്ടും....ഒരിക്കല്‍ വന്നവര്‍ വീണ്ടും വരുമെന്ന പ്രതിക്ഷയില്ലാതിരുന്നിട്ടും ...........
കുടിച്ചുതീര്‍ക്കരുതേയെന്നു വറ്റിത്തുടങ്ങിയ കാവും കുളവും.........
ഇവര്‍ക്കുവേണ്ടിയെങ്കിലുമൊന്നു പെയ്തുനിറയുമോയെന്ന് ആകാശത്തിനോടൊരു പരിഭവം.......
വന്നവര്‍ കലപിലകൂട്ടി കൂടുവെച്ച് മുട്ടയിട്ട് കുഞ്ഞുങ്ങളുമായി തിരിച്ചുപോകുമ്പോള്‍ ഒരു വിരഹത്തിന്റെ നനവ്........പിന്നെനീണ്ട കാത്തിരുപ്പിന്റെ മടുപ്പ്.........വീണ്ടുമൊരു വരവേല്‍പ്പിനായുള്ള ഒരുക്കങ്ങള്‍........ പറന്നുപോയ ഇന്നലെകള്‍ ബാക്കിവെച്ച പാതിയൊഴിഞ്ഞ പലഹാരച്ചെപ്പുകള്‍ അമര്‍ത്തിയടക്കവെ തൂവിയ ചായപ്പാടുകള്‍ അമര്‍ത്തിത്തുടക്കവെ അവ തന്നുപോയ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ മാത്രം മനസ്സില്‍ വെച്ച് വരാനിരിക്കുന്ന നാളെക്കായുള്ള കാത്തിരുപ്പ്............
നമുക്കും അതുതന്നെ ചെയ്യാം....... കൊഴിഞ്ഞ ഇന്നലെകളുടെ നിറപ്പകിട്ടാര്‍ന്ന ഇതളുകള്‍ സൂക്ഷിച്ചുവെക്കാം.......നാളെയെ വരവേല്‍ക്കാന്‍.............എല്ലാവര്‍ക്കും വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

വ്യാഴാഴ്‌ച, ഡിസംബർ 24, 2009

ഭൂമി............

© karin kuhlmann

ഇളകിയാല്‍ തകരുമൊരു
സാമ്രാജ്യം കാക്കാന്‍ ഭൂമി
കറങ്ങുമൊരച്ചുതണ്ടിന്‍ ചുറ്റും
മടുക്കുന്നുണ്ടാവില്ലെ......

ഉള്ളിലെരിയുമഗ്നിതന്‍
ജ്വാലകളുള്ളിലേ കെടുത്തി
തേങ്ങലിന്‍ വിറയലൊതുക്കി
വെയില്‍ വാരിപൂശി........

ഒരുദിനം വരുമന്നു നാം
നിണമൂറ്റിയ മുലതന്‍
കടച്ചിലില്‍ പുളയുമൊരുദിനം,
നാമെരിയിച്ചകനല്‍
നീറി പുകയുമൊരു ദിനം,
ഒരുപാടുനടന്നോരു
വഴി മടുത്തിനിയേതു
പുതുപഥമെന്നോര്‍ത്തമ്മ
നടത്തം നിര്‍ത്തുംദിനം.........

അന്നുനാം വിളിക്കും
ഭ്രാന്തിയെന്നുറക്കെ,
തളക്കുമമ്മതന്‍ മനസ്സും
നമുക്കായ് നാംതീര്‍ത്ത
ചങ്ങലക്കെട്ടിന്നുള്ളില്‍.........

വെള്ളിയാഴ്‌ച, ഡിസംബർ 18, 2009

മനസ്സിലെ പാട്ട്.........


പാട്ടു ഞാന്‍ കണ്ടത്
കാതിലൂടെയായിരുന്നു....
കേട്ടത് വാക്കിലൂടെ
അറിഞ്ഞത് അര്‍ത്ഥങ്ങളിലൂടെയും....
ഭാവനയുടെ അതിരില്ലാപ്പാടങ്ങളില്‍
മഴകളും മേഘങ്ങളും
മലകളും പുഴകളും
ചന്ദ്രനും ചന്ദ്രികയും
മുകുളങ്ങള്‍പൊട്ടി
വാനോളം വളര്‍ന്ന വാക്കുകള്‍!
ഒരുതുള്ളി മഴയില്‍
തിമിര്‍ത്തുപെയ്യുന്ന
പ്രണയക്കുളിര്,
ഒരു ചിന്ത് ചന്ദ്രികയില്‍
കനത്തു നിറയുന്ന
വിരഹ താപം,
പൂക്കളും കിളിക്കൊഞ്ചലും
പൂവാടിയും കാടുമായി !
ഇന്നും പാട്ടെന്നില്‍
നിറയുന്നത് കാതിലൂടെ
രുചിക്കുന്നത് വാക്കിലൂടെ
കേള്‍ക്കുന്നത് സ്വരത്തിലൂടെ
എന്നിട്ടും കുതിച്ച സങ്കല്പങ്ങള്‍
അതിരുകളില്‍ത്തട്ടി
തകര്‍ന്നു വീഴുമ്പോള്‍
അത്ഭുതപ്പെട്ടുപോകുന്നു
കണ്ണുണ്ടായതാവാം പ്രശ്നം............







വെള്ളിയാഴ്‌ച, ഡിസംബർ 11, 2009

എല്ലാം എന്റെ തെറ്റ്........

അവര്‍ പറയുന്നു
എല്ലാം നിന്റെ തെറ്റ്........
പിച്ചിയില്‍ ചെമ്പരുത്തി.........!

ഈ തുടുത്ത നിറം
തുടക്കത്തിലെ കഴുകി
വെളുപ്പിക്കണമായിരുന്നു.

വിടരുന്ന ഇതളുകള്‍
കുഞ്ഞായിരുന്നപ്പോഴെ
വെട്ടിയൊതുക്കണമായിരുന്നു.

ഇടം വലം തിരിയാതെ
നേര്‍ വഴിയിലോടാനൊരു
മുഖകവചം തീര്‍ക്കണമായിരുന്നു.

ലോകം മുഴുവന്‍ നിന്റെ
കാല്‍ക്കലെന്ന പാഴ്സ്വപ്നം
കാണാന്‍ പഠിപ്പിക്കണമായിരുന്നു


സീതയോ സാവിത്രിയോ
ഒരു മീരയെങ്കിലുമോ
ആവാനൊരുക്കണമായിരുന്നു.

ഇനിയും വൈകിയിട്ടില്ലത്രെ
നിന്റെ ചിറകുകളിലെ
തൂവല്‍ കരിച്ചു കളയാന്‍,

ഒരച്ചുതണ്ടിനു ചുറ്റും കറക്കി
നിന്റെ സ്വപ്നങ്ങളില്‍ വിടര്‍ന്ന
നിറങ്ങളൊഴുക്കിക്കളയാന്‍..............

ചൊവ്വാഴ്ച, ഡിസംബർ 08, 2009

അക്കരെയെത്താന്‍.........


കലങ്ങിമറിഞ്ഞൊഴുകുന്ന
വെള്ളത്തിനു കുറുകെ
ഒരു നൂല്‍ പാലമുണ്ടെനിക്ക്
അക്കരെയെത്താന്‍.........

ഓരോ അടിവെപ്പിലും
ഇളകി വിറക്കുന്ന
ഓരോ വിറയലും
ഇക്കിളിയായ് മാറുന്ന
ഓരോ ഇക്കിളിയും
പടര്‍ത്തിയകറ്റാനൊരു
കൈവരിയുണ്ടെനിക്ക്..........

കലങ്ങിയതാണെങ്കിലും താഴെ
മുഖം നോക്കാനൊരു കണ്ണാടിയായി
കാല്‍ വഴുതുമ്പോള്‍ കൂടെവഴുതി
കൈനീട്ടി തൊടാന്‍ തുടിച്ച്
ഉയരുന്നവെള്ളത്തിനൊപ്പമെത്തി
അരികിലുണ്ടെന്നു തുളുമ്പുന്ന
ഒരു നിഴലുമുണ്ടെനിക്ക്.........

തിരിമുറിയാത്ത മഴയിലും
തിളക്കുന്ന വെയിലിലും
മേഘക്കിറുകള്‍ക്കിടയിലൂടെ
കയറുംമുതലിറങ്ങും വരെ
വീഴരുതെ നീയെന്നൊരു
ആകാശക്കണ്ണുമുണ്ട് മുകളില്‍.

വ്യാഴാഴ്‌ച, ഡിസംബർ 03, 2009

നിറങ്ങള്‍.....


നിറക്കടയിലാണ് ഞാന്‍
അടുക്കിവെച്ച നിറങ്ങള്‍
ഓരോന്നായി ഒഴുകി
മറയുന്നതും നോക്കി
ചായുന്ന നിഴലിനെ
കുടയില്‍ ചേര്‍ത്തുനിര്‍ത്തി....


ചെമ്മണ്ണും ആകാശവും പച്ചിലയും
തിങ്ങിയിരുന്ന ഷെല്‍ഫില്‍
ഹേസീ റിമെംബറന്‍സും
ലവ്മി സമ്മര്‍സോങ്ങും
ചിര്‍പ്പിങ്ങ് ബേഡ്സും
ഡിസംമ്പര്‍ ബ്ലൂവും പ്യൂസും
അപരിചിതത്വത്തിന്റെ
അലസനോട്ടവുമായി...

ആകാശനീലിമയുടെ ആഴംതേടി
കുട്ടി ഗൂഗിളില്‍ മുങ്ങിത്താഴുമ്പോള്‍
വെളുപ്പിനായി തിരുമ്പി മടുത്ത്
അമ്മ വസ്ത്രത്തെ ശപിക്കുന്നു...
പച്ചപോയ ഇലകള്‍ കൊഴിഞ്ഞ്
മരങ്ങള്‍ അകാലത്തില്‍
ശിശിരം കാത്തിരിക്കുന്നു...
ജീവിതം തേടിയിറങ്ങിയ
കൈകളില്‍നിന്നും
ഒലിച്ചിറങ്ങിയ കറുപ്പില്‍
മീനുകള്‍ ശ്വാസം മുട്ടുന്നു...

നിറക്കടയിലാണു ഞാന്‍
ഇലകള്‍ തളിര്‍ക്കാന്‍ മടിച്ച
പൂക്കള്‍ നിറം ചുരത്താത്ത
ആകാശം ചുരുള്‍ നിവര്‍ത്താത്ത
ക്യാന്‍വാസിനെ ഉണര്‍ത്താന്‍
ഏതു നിറം വേണമെന്നറിയാതെ...
പഴയ നിറങ്ങളെങ്ങോ
ഒഴുകിമറയുന്നതും നോക്കി...

ചൊവ്വാഴ്ച, ഡിസംബർ 01, 2009

കോണാര്‍ക്ക്


പതിമൂന്നാം ദശകത്തിലെ ഗംഗാരാജവംശത്തിലെ രാജാ നരസിംഹനായിരുന്നു കൊണാര്‍ക്കിലെ സൂര്യമന്ദിരം തീര്‍ത്തത്. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആണ് ഇത്. ഇവിടെ ചന്ദ്രഭാഗാകടല്‍ത്തീരത്തു വര്‍ഷാവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുദിവസം നടത്തുന്ന ഡാന്‍സ് &ആര്‍ട് ഫെസ്റ്റിവലിലൂടെ ഈ മന്ദിരവും ഇവിടത്തെ നാട്യമന്ദിരവും ലോകപ്രശസ്തി ആര്‍ജ്ജിച്ചിരിക്കുന്നു.

കയറി ചെല്ലുന്നത് നാട്യമണ്ഡപത്തിലേക്കാണ്. ഡാന്‍സ് ഫെസ്റ്റിവലിലും മറ്റുപല നൃത്തരംഗങ്ങളിലും ദീപങ്ങളാലും മറ്റും അലംങ്കൃതമായി സ്വപ്നലോകം പോലെ തോന്നിച്ചിരുന്ന ഈ മണ്ഡപം പകല്‍ വെളിച്ചത്തില്‍ കുറച്ചു നിരാശപ്പെടുത്തി എന്നുതന്നെ പറയാം.ഇവിടെയായിരുന്നു പണ്ട് നര്‍ത്തകര്‍ സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചിരുന്നത്.

ഈ മന്ദിരത്തിന്റെ പ്രധാനഭാഗം സൂര്യഭഗവാന്റെ ഏഴുകുതിരകളെ പൂട്ടിയ ഇരുപത്തിനാലു ചക്രങ്ങളുള്ള തേരിന്റെ രൂപത്തിലാണ് പണി കഴിച്ചിട്ടുള്ളത്. ഇതു നാട്യമണ്ഡപത്തിന്റെ പിറകിലായിവരുന്നു. ജീവിതത്തിന്റെ സമസ്യകളും കൊത്തിവെച്ചിട്ടുള്ള കല്‍ചക്രങ്ങളില്‍ പലതിനും നാശം വന്നിരിക്കുന്നു.പഴയ നോട്ടുകളില്‍ കാണുന്ന ചക്രം ഇതിലൊന്നാണ്. ചുമരുകളില്‍ നിറയെ ചെറുതും വലുതുമായ ശില്പങ്ങളാണ്. മൂന്ന് നിരകളായ്ട്ടാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. താഴെ കുട്ടികള്‍ക്ക് കാണാന്‍ പാകത്തില്‍ പക്ഷിമൃഗാദികളുടെ ശില്പങ്ങള്‍. അതിനുമുകളില്‍ അന്നത്തെ മനുഷ്യന്റെ ദൈനംദിന ചര്യകള്‍, യുദ്ധങ്ങള്‍, പുരാണങ്ങള്‍ എന്നിവ കൊത്തിവെച്ചിരിക്കുന്നു.
ഏറ്റവും മുകളില്‍ കാമസൂത്ര ആസ്പദമാക്കിയുള്ള ശില്പങ്ങള്‍. ഭാരതീയ സംസ്കാരത്തെ പറ്റി പറയുന്നവര്‍ ഇവിടെ വന്നുകണ്ടാല്‍ പുരാതന സംസ്കാരത്തിന്റെ ഏകദേശരൂപം പിടികിട്ടും.
ബഹുപുരുഷ ബഹുസ്ത്രീ ബന്ധങ്ങള്‍ , ലെസ്ബിയന്‍, ഗെ, മൃഗങ്ങളുടെക്കൂടെ തുടങ്ങി ഇന്ന് പ്രാകൃതമെന്നു പറയുന്ന എല്ലാംതന്നെ ഇവിടെ ശില്പമാക്കി പരീക്ഷിച്ചിരിക്കുന്നു.പലതിനും പല ആക്രമണങ്ങളിലുംപെട്ട് നാശം സംഭവിച്ചിട്ടുണ്ട്. അന്നത്തെക്കാലത്ത് ബുദ്ധമതത്തിന്റെ അതിപ്രസരം കാരണം പലരും സന്യാസം സ്വീകരിച്ചതുവഴി പ്രാജാബലം കുറഞ്ഞപ്പോള്‍ ആ അവസ്ഥയ്ക്കുള്ള പരിഹാരമായാണത്രെ രാജാവ് ഇത്തരം ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടത്.
പന്ത്രണ്ടുവര്‍ഷം അടിമകളെപോലെ പണിയെടുത്ത ശില്പികളുടെ ജീവിത സക്ഷാത്കാരവും ആയിരുന്നിരിക്കാം ഈ ശില്പങ്ങള്‍. പേഗനിസത്തിന്റെ സ്വാധീനവും ഒരു കാരണമായികാണാം.


ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സൂര്യമന്ദിരം (ഗര്‍ഭഗൃഹം). ഒറീസ്സയില്‍ സുലഭമായ ഇരുമ്പു കൊണ്ടുള്ള കമ്പികളാല്‍ വളരെവലിയ കല്ലുകളെ തമ്മില്‍ കലിംഗ വാസ്തുശാസ്ത്ര പ്രകാരം ചേര്‍ത്തടുക്കിയാണ് ഈ മന്ദിരങ്ങളെല്ലാം
പണിതിരിക്കുന്നത്. ഇവയെ ഒന്നായി ചേര്‍ത്തുനിര്‍ത്താനായി ഒരു വലിയ മാഗ്നറ്റ്ഗര്‍ഭഗൃഹത്തിനുമുകളില്‍ സ്ഥാപിച്ചിരുന്നുവത്രെ.
ഇപ്പോഴുള്ള സൂര്യമൂര്‍ത്തികള്‍
.
വ്യാപാരികളായിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് കടലില്‍ വെച്ച് കോമ്പസ് ദിശകാട്ടന്‍ വിസമ്മതിച്ചപ്പോള്‍ അതിനുകാരണമായ ഈ മാഗ്നറ്റ് അവര്‍ എടുത്തുമാറ്റിയെന്നും അതോടെ ഗോപുരം ഇടിഞ്ഞുവീഴാന്‍ തുടങ്ങിയെന്നും പറയപ്പെടുന്നു.
അതല്ല മുഗള്‍ ആക്രമണത്തിന്റെ ഫലമായാണെന്നും പറയുന്നുണ്ട്. എന്തായാലും ഗര്‍ഭഗൃഹം ഇപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞനിലയിലാണ്. അതിലുണ്ടായിരുന്ന മൂര്‍ത്തി ഇപ്പോള്‍ പുരി ജഗന്നാഥ മന്ദിരത്തിലാണ് ഉള്ളത്. ഉദയസൂര്യന്റെ കിരണങ്ങള്‍ ഏതുകാലത്തും നാട്യമണ്ഡപവും തേരും കഴിഞ്ഞ് ഗര്‍ഭഗൃഹത്തില്‍ സൂര്യഭഗവാന്റെ മൂര്‍ത്തിയില്‍ പതിക്കുന്ന വിധത്തിലാണത്രെ ഇതിന്റെ നിര്‍മ്മാണം. മന്ദിരം പൊളിഞ്ഞതുകാരണം ഇതു വെറും കേട്ടുകേള്‍വിയായി .
നാലാമതായി വരുന്നതാണ് സൂര്യഭഗവാന്റെ ഭാര്യയായ ഛായയുടെ(നിഴല്‍) മന്ദിരം. ഇതിനെ ഭോജമണ്ഡപമെന്നും
പറയുന്നു.ഇതും നാട്യമണ്ഡപവും ഇപ്പോഴും നാശങ്ങള്‍ ഒന്നും സംഭവിക്കാതെ നിലനില്‍ക്കുന്നു.

ഇതിനെ സൂര്യമന്ദിരമെന്നു പറയുമെങ്കിലും ഇതുവരെ ഒരിക്കല്‍ പോലും പൂജാദികര്‍മ്മങ്ങള്‍ ഇവിടെ നടത്തിയിട്ടില്ല. അതിനും കാരണം പറയുന്നുണ്ട്. പന്ത്രണ്ട് കൊല്ലംകൊണ്ട് 1200 പേര്‍പണിഞ്ഞിരുന്ന ഈ മന്ദിരത്തിന്റെ പണിതീര്‍ന്നില്ലെങ്കില്‍ മരണമായിരുന്നു വിധി. ഗര്‍ഭഗൃഹത്തിന്റെ ആണികല്ലായ ലോഡ് സ്റ്റോണ്‍ (മാഗ്നറ്റ്) ഒരുവിധത്തിലും സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അതിലൊരു ശില്പിയുടെ പത്തുവയസ്സായ മകന്‍ അതിന്നൊരു പ്രതിവിധികണ്ടുപിടിക്കയും ലോഡ് സ്റ്റോണ്‍ സ്ഥാപിക്കുകയും ചെയ്തു. ഈ വിവരം രാജാവറിഞ്ഞാല്‍ അതു ചെയ്യാന്‍കഴിയാതിരുന്ന 1200 ശില്പികളെയും രാജാവ് വധിക്കുമെന്ന ഭയം പരന്നപ്പോള്‍ അവരെ രക്ഷിക്കാന്‍ ആ ബാലന്‍ സ്വയം മന്ദിരത്തിന്നു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്രെ. പണി തീരും മുന്‍പ് ഇത്തരം ഒരു അശുഭസംഭവം നടന്നതിനാലാണത്രെ അവിടെ പൂജകളൊന്നും തന്നെ നടത്താതിരുന്നത്.


ശില്പങ്ങളില്‍ മഹത്തരമായി തോന്നിയത് മുകളില്‍ ഒരു സിംഹവും അതിനുതാഴെ ആനയും ഇവക്കു രണ്ടിനും താഴെ മണ്ണില്‍ ഒരു മനുഷ്യനും ആയിട്ടുള്ള ശില്പമാണ്.സിംഹം ശക്തിയേയും ആന പണത്തേയും അതുരണ്ടും തലയില്‍ കയറിയ മനുഷ്യന്റെ പതനത്തേയുമാണത്രെ ഈ ശില്പം സൂചിപ്പിക്കുന്നത്. ഈ ശില്പം പല വേറേയും സ്ഥലങ്ങളിലും കണ്ടു.
ഒരു വിദൂഷക ശില്പത്തിന്റെ ഭാവം ഇന്നും അതെപോലെ നില നില്‍ക്കുന്നത് അത്ഭുത പ്പെടുത്തി.


പുരിയില്‍നിന്നും കോണാര്‍ക്കിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ കേരളത്തിലാണെന്ന
തോന്നലായിരുന്നു. തെങ്ങും പാടങ്ങളും കായലും കടലും തെക്കന്‍ കേരളം ഓര്‍മ്മിപ്പിച്ചു. അവിടെ കണ്ടുകൊതിച്ച ആമ്പല്‍ ഇവിടെ കയ്യെത്തും ദൂരത്ത് കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.

തിങ്കളാഴ്‌ച, നവംബർ 23, 2009

ഭ്രൂണചിന്തകള്‍


അലസിയ ഭ്രൂണത്തെ
ശവമെന്നു പറയാമോ?
പിറക്കില്ലെന്ന ശാഠ്യത്തെ
മുളയിലെ നുള്ളിയെടുത്ത്
ശാസ്ത്രത്തെ കൂട്ടുപിടിച്ച്
ശാസിച്ചു മെരുക്കി
ഗര്‍ഭത്തടവറയിലിറക്കി
ജയിച്ചെന്നു ചിരിക്കുമ്പോള്‍
ഗര്‍ഭത്തിലിരുന്നു ഭ്രൂണം
കൈ വളരാതെ
കാല്‍ വളരാതെ
തലയും ഉടലും വളരാതെ
ശാഠ്യം തുടരുമ്പോള്‍
തോല്‍വിയുടെ ഒന്നാം പാഠം.........
ഇരുണ്ട പ്രസവമുറിയില്‍
പാപലേശം തീണ്ടാതെ
കടം കൊണ്ട വേദനയെ
പ്രസവവേദന എന്ന്
പേരുവിളിക്കാമോ?
അലസിയ ഭ്രൂണത്തെ
ശവമെന്നു പറയാമോ?
പിറന്നു വീഴുമ്പോള്‍
അതിന്നു ജീവനുണ്ടായിരിക്കുമോ?
അലസിവീണ ഭ്രൂണം
പിറന്നു വീഴുകയാണോ?

ഞായറാഴ്‌ച, നവംബർ 22, 2009

മനപ്പറമ്പ്......... അഥവാ


മനപ്പറമ്പ്......... അഥവാ  ചില കടംങ്കഥകള്‍

മനസ്സില്‍ പടര്‍ന്നുപന്തലിച്ച് 
തണലും തലോടലും കൊണ്ട് വേരുകള്‍ ആഴ്ന്നിറങ്ങിയവന്‍........

കയ്ച്ചിട്ടിറക്കാന്‍ വയ്യെന്നാലും ഇറക്കിക്കഴിഞ്ഞാല്‍ ജീവിതംമധുരമുള്ളതാക്കാന്‍ അതുമതി.............    


ഒരുപാടു മുറിച്ചിട്ടും 
 തളിര്‍ത്തുനിറഞ്ഞകൊമ്പുകളില്‍ കടവാതിലുറങ്ങുന്ന 
കാറ്റിനോടു കെഞ്ചി മാമ്പഴം വീഴ്ത്തിത്തന്ന കഥയൊരുപാടുള്ളില്‍ മയങ്ങുന്നവന്‍........


അറിയാതെ തൊട്ടാല്‍ വാടും
 അറിഞ്ഞു തൊട്ടാല്‍മുള്ളുകൊണ്ട് പോറും.........


തണലെന്നു കരുതി ചുവട്ടില്‍നിന്നാല്‍ 
തലയില്‍ വീഴുന്നത് ഒരു മച്ചിങ്ങയോ മടലോ  
ഒരു തേങ്ങതന്നെയോ ആവും...........



ഇടക്കൊന്നു തോണ്ടി മുറുമുറുത്ത് 
അങ്ങട്ടയിലും ഇങ്ങട്ടയിലും പാഞ്ഞ് 
മുടിയഴിച്ചിട്ടാടി ഇപ്പോള്‍ ശാന്തം.........

വ്യാഴാഴ്‌ച, നവംബർ 19, 2009

വീണ്ടും മഴ!!


മഴയിരമ്പുന്നു.....
പെയ്തൊഴിയാനൊരു
വാനമില്ലാതെ
പെയ്തുനിറയാനൊരു
ഭൂമിയില്ലാതെ
തിരയുടെ തിരളലും
കാടിന്റെ തൈഷ്ണ്യവും പേറി
മൗനീഭൂതയാമൊരു
ഘനമേഘത്തിന്റെ
അകമേതട്ടിയമരുന്ന
മിന്നല്‍പിണരുകള്‍.
നനച്ചിറങ്ങാനൊരു
കാടില്ലാതെ
ഒലിച്ചിറങ്ങാനൊരു
അരുവിയുമില്ലാതെ
മേഘം പോലുമറിയാതെ
പെയ്തൊഴിയാന്‍
ഒരു മഴയിരമ്പുന്നു.

ബുധനാഴ്‌ച, നവംബർ 18, 2009

പഠ്ചിത്രം

പുരിയില്‍നിന്നും ഭുവനേശ്വറിലേക്കുള്ള വഴിയില്‍ ഇരുപതു കിലോമീറ്റര്‍ ചെന്നാലാണ് രഘുരാജപൂര്‍ എന്ന ക്രാഫ്റ്റ്വില്ലേജ്. ഒറീസ്സയിലെ പ്രസിദ്ധചിത്രകലയായ പഠ്ചിത്രത്തിന് പേരുകേട്ടതാണ് സ്ഥലം. അന്‍പതോളം കുടുംബങ്ങള്‍ രഘുരാജപുരത്ത് ചിത്രകലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.ഒരു ചെറിയ ഗലിയുടെ ഇരുവശത്തുമുള്ള ചെറിയ മുറികളായിരുന്നു സ്റ്റുഡിയോകളായി ഉപയോഗിച്ചിരുന്നത്. ഗലിയിലേക്ക് ഞങ്ങളെത്തിയതും ഒരുപാടുപേര്‍ ചുറ്റിലും വളഞ്ഞു. ആദ്യം കണ്ട കടയിലേക്ക് കയറിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്തുകണ്ട നിരാശ ശരിക്കും വേദനിപ്പിച്ചു.

പണ്ട് കടലാസുകളില്ലാതിരുന്ന കാലത്ത് പനയോലകളില്‍ എഴുതിയിരുന്ന അതേ രീതിയിലാണ് പഠ് ചിത്രങ്ങളും വരക്കുന്നത്. സംസ്കൃതത്തില്‍ നിന്നാണത്രെ വാക്ക് വന്നത്. തമിഴില്‍ ഇതിന്നുപറയുന്നത് 'ഓലൈച്ചുവടി'എന്നാണെനു തോന്നുന്നു.ഒരേ വലുപ്പത്തില്‍ മുറിച്ച് മഞ്ഞള്‍ പുരട്ടിയുണക്കിയ പനയോലകളില്‍ നാരായം ഉപയോഗിച്ച് വളരെ ചെറിയ ചിത്രങ്ങള്‍ വരക്കുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളാണ് ചിത്രങ്ങള്‍ക്ക് ആസ്പദം. പുരി ജഗന്നാഥനും പ്രധാന കഥാപാത്രമാണ്.പണ്ട് ജഗന്നാഥ മന്ദിരത്തിലെ ഒരാചാരത്തിന്റെ ഭാഗം മാത്രമായിരുന്ന ഈ ചിത്രകല പിന്നീട് പ്രസാദ രൂപത്തില്‍ ഭക്തരില്‍ എത്തുകയും കാലം ചെന്നപ്പോള്‍ ഒരുപറ്റം കലാകാരന്മാര്‍ക്ക് ജീവനോപാധിയായിത്തീരുകയും ചെയ്തു. ഓരോ കുടുംബത്തിനും അവരുടേതായ ചിത്രശേഖരങ്ങളുണ്ട് . വരച്ച ചിത്രങ്ങളുടെ മുകളില്‍ പ്രകൃതീദത്തമായ നിറങ്ങള്‍ തേക്കുകയും പെട്ടന്നു തുടച്ചുകളയുകയും ചെയ്യുമ്പോള്‍ നാരയമെഴുതിയ ചിത്രങ്ങള്‍ തെളിഞ്ഞുവരുന്നു.
മുന്‍പ് കറുപ്പും(കരിപ്പൊടി) വെളുപ്പും (കുമ്മായപ്പൊടി) മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നെ പിന്നെ പ്രകൃതിദത്തനിറങ്ങള്‍ എല്ലാം ഉപയോഗിച്ചുതുടങ്ങി.ഇതേ ശൈലി ക്യാന്‍വാസിലും സില്‍ക്ക്തുണിയിലും ചെയ്യുന്നുണ്ട്. കടുത്ത നിറങ്ങളിലാണ് അതുചെയ്യുന്നത്. കറുപ്പ്, വെള്ള, ചുവപ്പ് , മഞ്ഞ, പച്ച , നീല എന്നി നറങ്ങളാണ് സാമ്പ്രദായികമായി ഉപയോഗിച്ചുവരുന്നത് .അധികവും രാസലീലയും ദശാവതാരവുമാണ് വരച്ചുകണ്ടത്. ചിത്രങ്ങളിലെ വ്യാളീ മുഖങ്ങളും മറ്റും കിഴക്കന്‍ സ്വാധീനത്തെ ഓര്‍മ്മിപ്പിച്ചു.
രണ്ടു ലിനന്‍ തുണികള്‍ തമ്മില്‍ തോല്‍കളഞ്ഞ പുളിങ്കുരു പൊടിച്ച്തേച്ച് ഒട്ടിച്ചാണത്രെ
ഇതിന്നു വേണ്ട ക്യാന്‍വാസുണ്ടാക്കുന്നത്.ഇപ്പോഴും അത് അങ്ങിനെത്തന്നെയാണ് എന്നാണ് ഞങ്ങള്‍ പരിചയപ്പെട്ട വിഷ്ണു എന്ന ചിത്രകാരന്‍ പറഞ്ഞത്. പ്രകൃതീദത്ത നിറത്തില്‍ അല്ലെങ്കില്‍ പോസ്റ്റര്‍ കളറില്‍ അവിടെകാണുന്ന ഒരു മരത്തിന്റെ കായയില്‍നിന്നും ശേഖരിച്ച ദ്രാവകം നല്ലപോലെ ചേര്‍ത്തിളക്കിയാണത്രെ നിറം തെയ്യാറാക്കുന്നത്. അതുകൊണ്ടാവണം ചിത്രങ്ങള്‍ക്കു നല്ല തിളക്കം. തുണികളില്‍ ഫാബ്രിക്ക്കളര്‍തന്നെയാണ് ഉപയോഗിച്ചുകണ്ടത്.
ഇതിനൊക്കെ പുറമെ അടക്ക, ചിരട്ട തുടങ്ങി പലതിലും ചിത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്.സെറാമിക് സില്‍ പോട്ട്പെയിന്റിങ്ങ് ചെയ്യുന്ന രീതിതന്നെയാണ് ഇവിടെയും. സാരികളിലും ചെയ്യുന്നുണ്ട്.വളരെ സൂക്ഷ്മമായി സമയമെടുത്ത് ചെയ്യേണ്ടുന്ന കലക്ക് പക്ഷെ പ്രതിഫലം വളരെ തുച്ഛമായിത്തോന്നി.ഞങ്ങളുടെ താല്പര്യം കണ്ടിട്ടാവണം വിഷ്ണു വേണ്ടെന്നു പറഞ്ഞിട്ടും അവന്‍ വരച്ച ചിത്രങ്ങളെല്ലാം നിവര്‍ത്തിക്കാട്ടി വിവരിച്ചുതന്നു.ഓരോ ചിത്രത്തിനു പിന്നിലും അവന്‍ ചിലവിട്ടസമയം അദ്ധ്വാനം പലപ്പോഴും ചിത്രം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍ പലരും കണ്ടില്ലെന്നു നടിക്കും. കേരളത്തില്‍ മലപ്പുറത്ത് വിഷ്ണു ചിത്രങ്ങളുമായി വന്നിട്ടുണ്ടത്രെ.അവസാനം വിലപേശാതെ രണ്ടുമൂന്നു ചിത്രങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ രണ്ട് അടക്കാചിത്രങ്ങള്‍ സമ്മാനിച്ച് അവന്‍ വീണ്ടും കാണാമെന്ന് പറഞ്ഞപ്പോള്‍ മനസ്സു നിറഞ്ഞിരുന്നു.

വെള്ളിയാഴ്‌ച, നവംബർ 13, 2009

ചിലന്തിവല........


മടുപ്പിന്റെ കുത്തൊഴുക്കില്‍
കുടുങ്ങിപ്പോയ ചിലന്തിവലയില്‍
കെട്ടഴിക്കുന്ന വലക്കണ്ണികള്‍
എന്നത്തേയും പോലെ
ഊരാക്കുടുക്കാവുമെന്നറിഞ്ഞിട്ടും
ഒരിക്കലെങ്കിലും വലവിട്ട്
പുറത്തിറങ്ങണമെന്ന
വ്യാമോഹത്തില്‍ വീണ്ടും
കള്ളികള്‍ അങ്ങോട്ടുമിങ്ങോട്ടും
അടുക്കിപ്പെറുക്കുമ്പോള്‍
ഒരിക്കല്‍പോലും വലയില്‍
കുടുങ്ങില്ലെന്നു നടിക്കുന്നവരുടെ
പരിഹാസം കണ്ടില്ലെന്നു നടിച്ച്
വീണ്ടും തുടക്കത്തിലെത്തി
ആദ്യമെന്ന പോലെ
അടുക്കിത്തുടങ്ങുമ്പോള്‍
സെക്കന്റുകള്‍ പെറ്റുകൂട്ടിയ
നിമിഷങ്ങളും മണിക്കുറുകളും
വാശിയോടെ നെയ്തുമുറുക്കുന്നു
അഴിക്കാന്‍ പറ്റാത്ത മറ്റൊരു വല.

ബുധനാഴ്‌ച, നവംബർ 11, 2009

പുരി


അസ്തമനമാണെന്നു തോന്നുന്നുണ്ടൊ....ഉദയമാണിത്..........


കൊതിതോന്നുന്നില്ലെ.......................


നിറയെ കുഞ്ഞു കുഞ്ഞു അമ്പലങ്ങള്‍..........



ഈ കാളിയെ എവിടെയൊ ഒരു കണ്ടു പരിചയം...........


ജഗന്നാഥമന്ദിരം ....പുറമെനിന്നു കാണുപോലെയല്ല അകത്ത് പന്ത്രണ്ടാംശതകത്തില്‍ നിര്‍മ്മിച്ച പ്രാചീനഗോപുരങ്ങളാണ്...........


പൂര്‍ണ്ണിമ ആഘോഷിക്കനെത്തിയ വിധവകള്‍...........


സംബല്‍പൂര്‍ കോട്ടണ്‍ സാരികള്‍


പലതരം കോട്ടണ്‍ തൂണികള്‍


ആപ്ലിക് വര്‍ക്കുചെയ്ത അലങ്കാരത്തുണികള്‍ ഒറിസ്സയുടെ പ്രത്യേകതയാണ്


മരത്തില്‍ തീര്‍ത്ത ജഗന്നാഥമൂര്‍ത്തി....മരത്തിലുള്ള കൈകളില്ലാത്ത ഒറിജിനല്‍ ജഗന്നഥമൂര്‍ത്തിയെപ്പറ്റി രസകരമായ കഥയുണ്ട്....പിന്നെ പറയാം.

കടല്‍ത്തീരമായതിനാല്‍ ശംഖില്‍ തീര്‍ത്ത കൗതുകവസ്തുക്കള്‍ ധാരാളമായുണ്ട്.


പുരി എന്നും ജഗന്നാഥന്റെ പേരില്‍ മാത്രമാണ് അറിയപ്പെട്ടിട്ടുള്ളത്......പക്ഷെ ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരമായ കടല്‍ പുരിയിലേതാണ്.




കടലമ്മ കനിയാതെവിടെപ്പോവാന്‍...........



പോവാതിരിക്കാന്‍ പറ്റുമോ..........:)

....................................


എന്തൊരു വികൃതിയാണെന്നു നോക്കണെ ....പണിതീരുന്നതിന്നുമുമ്പെ എടുത്തോണ്ടു പോയി.